Sunday, August 29, 2010

സാമുദായികത ഇസ്‌ലാമിനന്യം: ഖാലിദ് മൂസ നദ്‌വി


ദോഹ: ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിശാല മാനവികത സാമുദായികതയെ പൂര്‍ണമായും നിരാകരിക്കുന്നതാണെന്ന് കുറ്റിയാടി കുല്ലിയത്തുല്‍ ഖുര്‍ആന്‍ ഡയറക്ടര്‍ ഖാലിദ് മൂസാ നദ്‌വി വ്യക്തമാക്കി. ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ (ഐ.വൈ.എ.) സംഘടിപ്പിച്ച യുവജന തര്‍ബിയത്ത് ക്യാമ്പില്‍ ‘ഇസ്‌ലാം സാമുദായികതക്കപ്പുറം’ എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്യവല്‍കരണത്തിന്റെ വര്‍ഗീയ ഭാഷയേക്കാള്‍ ഇസ്‌ലാമിന് പ്രിയം ശത്രുവിനെ പോലും സ്വന്തത്തോട് ചേര്‍ത്തു നിര്‍ത്തുന്ന മാനവികതയുടെ ഭാഷയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രവാചക നിന്ദകന് ജീവന്‍ നിലനിര്‍ത്താന്‍ രക്തം നല്‍കിയ മുസ്‌ലിം ചെറുപ്പക്കാര്‍ ഒരു ആദര്‍ശ സമൂഹത്തിന്റെ സഹന ശേഷിയും ഇഛാശക്തിയുമാണ് പ്രകടമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകരക്ഷിതാവായി ദൈവത്തിനെയും ലോകര്‍ക്ക് കാരുണ്യമായി പ്രവാചകനെയും പരിചയപ്പെടുത്തുന്ന വിശുദ്ധ ഖുര്‍ആന് ഒരു സാമുദായികവാദിയെയും പിന്തുണക്കാനാവില്ലെന്നും, വംശം, ദേശം, വര്‍ഗം, വര്‍ണം തുടങ്ങിയ സങ്കുചിത അതിര്‍വരമ്പുകള്‍ക്കതീതമായ മാനവികതയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അനൂപ് ഹസന്റെ ഖുര്‍ആന്‍ ക്ലാസോടെ ആരംഭിച്ച പരിപാടിയില്‍ ‘പാരത്രിക ജീവിതം’ എന്ന വിഷയത്തില്‍ യൂസുഫ് പുലാപ്പറ്റ സ്റ്റഡി ക്ലാസെടുത്തു. ഖത്തര്‍ചാരിറ്റി ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ ഐ.വൈ.എ. പ്രസിഡണ്ട് സമീര്‍ കാളികാവ് അധ്യക്ഷത വഹിച്ചു.