Sunday, August 29, 2010

സാമുദായികത ഇസ്‌ലാമിനന്യം: ഖാലിദ് മൂസ നദ്‌വി


ദോഹ: ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിശാല മാനവികത സാമുദായികതയെ പൂര്‍ണമായും നിരാകരിക്കുന്നതാണെന്ന് കുറ്റിയാടി കുല്ലിയത്തുല്‍ ഖുര്‍ആന്‍ ഡയറക്ടര്‍ ഖാലിദ് മൂസാ നദ്‌വി വ്യക്തമാക്കി. ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ (ഐ.വൈ.എ.) സംഘടിപ്പിച്ച യുവജന തര്‍ബിയത്ത് ക്യാമ്പില്‍ ‘ഇസ്‌ലാം സാമുദായികതക്കപ്പുറം’ എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്യവല്‍കരണത്തിന്റെ വര്‍ഗീയ ഭാഷയേക്കാള്‍ ഇസ്‌ലാമിന് പ്രിയം ശത്രുവിനെ പോലും സ്വന്തത്തോട് ചേര്‍ത്തു നിര്‍ത്തുന്ന മാനവികതയുടെ ഭാഷയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രവാചക നിന്ദകന് ജീവന്‍ നിലനിര്‍ത്താന്‍ രക്തം നല്‍കിയ മുസ്‌ലിം ചെറുപ്പക്കാര്‍ ഒരു ആദര്‍ശ സമൂഹത്തിന്റെ സഹന ശേഷിയും ഇഛാശക്തിയുമാണ് പ്രകടമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകരക്ഷിതാവായി ദൈവത്തിനെയും ലോകര്‍ക്ക് കാരുണ്യമായി പ്രവാചകനെയും പരിചയപ്പെടുത്തുന്ന വിശുദ്ധ ഖുര്‍ആന് ഒരു സാമുദായികവാദിയെയും പിന്തുണക്കാനാവില്ലെന്നും, വംശം, ദേശം, വര്‍ഗം, വര്‍ണം തുടങ്ങിയ സങ്കുചിത അതിര്‍വരമ്പുകള്‍ക്കതീതമായ മാനവികതയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അനൂപ് ഹസന്റെ ഖുര്‍ആന്‍ ക്ലാസോടെ ആരംഭിച്ച പരിപാടിയില്‍ ‘പാരത്രിക ജീവിതം’ എന്ന വിഷയത്തില്‍ യൂസുഫ് പുലാപ്പറ്റ സ്റ്റഡി ക്ലാസെടുത്തു. ഖത്തര്‍ചാരിറ്റി ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ ഐ.വൈ.എ. പ്രസിഡണ്ട് സമീര്‍ കാളികാവ് അധ്യക്ഷത വഹിച്ചു.

Tuesday, July 27, 2010

ലേബര്‍ ക്യാമ്പിലെ അഗ്‌നി ബാധ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി


ദോഹ: ഖത്തറിലെ ശഹാനിയക്കടുത്ത് നിര്‍മ്മാണ തൊഴിലാളികള്‍ തിങ്ങിതാമസിക്കുന്ന ക്യാമ്പില്‍ അഗ്‌നി ബാധയെത്തുടര്‍ന്ന് സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷനും യുവജന വിഭാഗമായ ഇസ്‌ലാമിക് യൂത്ത് അസോസിയേഷനും (ഐ.വൈ.എ) നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി.

മരം കൊണ്ട് നിര്‍മ്മിച്ച 45 ലധികം പോര്‍ട്ടബിള്‍ കാബിനുകളാണ് തൊഴിലാളികള്‍ ജോലിക്ക് പോയ സമയത്ത് അഗ്‌നിക്കിരയായത്. ദുരന്ത വാര്‍ത്തയറിഞ്ഞ് ജോലി സ്ഥലത്ത് നിന്നും ഓടിയെത്തിയവര്‍ക്ക് വിലപ്പെട്ട സമ്പാദ്യമെല്ലാം എരിഞ്ഞടങ്ങുന്നത് നിസ്സഹായരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 500 ഓളം പേര്‍ക്ക് ദുരന്തം മൂലം ഉടുതുണി ഒഴികെ മറ്റെല്ലാം നഷ്ടമായി. ദുരിതബാധിതരില്‍ 70 മലയാളികളുള്‍പ്പെടെ 160ഓളം പേര്‍ ഇന്ത്യക്കാരാണ്.

ദുരന്തവാര്‍ത്തയറിഞ്ഞ് ഐ.വൈ.എ., അസോസിയേഷന്‍ പ്രതിനിധികള്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും അടിയന്തിര സഹായമായി അവശ്യ വസ്തുക്കളടങ്ങിയ 375 കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ദിവസങ്ങളില്‍ 400 കിലോ അരി, 100 ലിറ്റര്‍ പാചക എണ്ണ, 600 കിലോ ഇതര ഭക്ഷ്യവിഭവങ്ങള്‍ എന്നിവയും എത്തിച്ചുകൊടുത്തു.

ഐ.വൈ.എ. ഡ്രസ് ബാങ്കിന് കീഴില്‍ ശേഖരിച്ച 1400 ഓളം വസ്ത്രങ്ങള്‍ ഒരു പാന്റ്‌സും രണ്ട് ഷര്‍ട്ടുകളും ഉള്‍ക്കൊള്ളുന്ന 450 ലധികം കിറ്റുകളിലാക്കി വിതരണം നടത്തി. വിവിധ രാജ്യക്കാരായ ദുരിതബാധിതര്‍ക്കിടയില്‍ സഹായ വസ്തുക്കളുടെ നീതിപൂര്‍വമായ വിതരണം സാധ്യമാക്കിയത് ക്യാമ്പിലെ മലയാളി സഹോദരന്‍മാരുടെ പ്രശംസനീയമായ സഹകരണം കൊണ്ടായിരുന്നു.

ദുരന്തഭൂമിയില്‍ ഓടിയെത്തിയ ആദ്യത്തെ സന്നദ്ധസംഘം ഐ.വൈ.എ. ആയിരുന്നു. തുടര്‍ന്നു ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഐ.സി.ബി.എഫും വിവിധ സഹായങ്ങളുമായി രംഗത്ത് വന്നു. കത്തിനശിച്ച പാസ്‌പോര്‍ട്ടുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും പകരം പുതിയവ ലഭ്യമാക്കാന്‍ വേണ്ട സഹായം ഐ.സി.ബി.എഫ് വാഗദാനം ചെയ്തു. ദുരന്ത സ്ഥലത്ത് സഹായങ്ങളുമായി ആദ്യം മുതല്‍ രംഗത്തുണ്ടായിരുന്ന പ്രസ്ഥാന പ്രവര്‍ത്തകരെ ഐ.സി.ബി.എഫ്. പ്രസിഡണ്ട് നീലാങ്ങ്ഷൂ ഡേ പ്രസംശംസിക്കുകയും ദുരിതാശ്വാസ വസ്തുക്കളുടെ വിതരണത്തിന് സഹകരണം തേടുകയും ചെയ്തു.

സ്ഥിരമായി ഉപയോഗിച്ചുവന്ന ആസ്ത്മ രോഗത്തിനുള്ള മരുന്ന് കത്തിനശിച്ചതിനെത്തുടര്‍ന്ന് ഏറെ പ്രയാസത്തിലായ രോഗിക്ക് രണ്ട് ദിവസത്തിനകം നാട്ടില്‍നിന്ന് മരുന്നെത്തിച്ച് നല്‍കാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ആരും സഹായിക്കാനില്ലാതിരുന്ന അവസരത്തില്‍ തങ്ങള്‍ക്ക് സഹായമെത്തിച്ച സോളിഡാരിറ്റിക്കാരോട് നന്ദി പറയാന്‍ ദുരിതബാധിതര്‍ക്ക് വാക്കുകളില്ലായിരുന്നു. ബിജുവും, സുരേഷും രാജേഷുമെല്ലാം നിറഞ്ഞ മനസ്സോടെയാണ് പ്രവര്‍ത്തകരോട് നന്ദി പറഞ്ഞത്. ഭാവിയില്‍ ഏത് സേവന പ്രവര്‍ത്തനങ്ങളിലും കൂടെയുണ്ടാകുമെന്ന് ആവേശപൂര്‍വ്വം അവര്‍ ഉറപ്പു നര്‍കി. സൗഹൃദം നിലനിര്‍ത്തണമെന്ന ആവശ്യത്തോടൊപ്പം മനവും മിഴിയും പ്രാര്‍ത്ഥനകളോടും കൂടിയാണ് അവര്‍ പ്രവര്‍ത്തകരെ യാത്രയാക്കിയത്.

ഐ.വൈ.എ. ഫുട്‌ബോള്‍ ക്വിസ്: സമ്മാനങ്ങള്‍ വിതരണം ചെയ്തു


ദോഹ: ഫുട്‌ബോള്‍ ചരിത്രം അടിസ്ഥാനിപ്പെടുത്തി ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍
(ഐ.വൈ.എ) സംഘടിപ്പിച്ച ഫുട്‌ബോള്‍ ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മര്‍കസുദ്ദഅ്‌വയില്‍ വെച്ച് നടന്ന ഐ.വൈ.എ. പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ വെച്ച് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡണ്ട് വി.ടി. അബ്ദുല്ലക്കോയ സമ്മാനങ്ങള്‍ നല്‍കി. ഐ.വൈ.എ. പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എഫ്.സി.സി. എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഹമീദ് വാണിയമ്പലവും സംബന്ധിച്ചു.

നേരത്തെ ദോഹ ജദീദിലെ ഐ.വൈ.എ. ഹാളില്‍ വെച്ച് നടന്ന ഫുട്‌ബോള്‍ ക്വിസില്‍ റിസ്‌വാന്‍ അബ്ദുറഹിമാന്‍ ഒന്നാം സ്ഥാനവും മാഹിര്‍ പി. രണ്ടാം സ്ഥാനവും നൗഷാദ് അഹ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിഷ്വല്‍ ഉള്‍പ്പെടെ ഏഴ് റൗണ്ടുകളിലായി നടത്തിയ മല്‍സരം മുഹമ്മദ് ശബീര്‍, അഹ്മദ് ശാഫി എന്നിവര്‍ മല്‍സരം നിയന്ത്രിച്ചു.

കക്കോടി സി.പി.എം അക്രമം: ഐ.വൈ.എ പ്രതിഷേധിച്ചു

ദോഹ: കക്കോടി പഞ്ചായത്ത് ജനകീയ വികസന മുന്നണി പ്രഖ്യാപന സമ്മേളനത്തിനുനേരെ സി.പി.എം നടത്തിയ ആസൂത്രിത അക്രമത്തില്‍ ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ ഖത്തര്‍ (ഐ.വൈ.എ) ശക്തമായി പ്രതിഷേധിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നൂറോളം സി.പി.എം പ്രവര്‍ത്തകര്‍ സമ്മേളന നഗരിയിലേക്ക് ഇരച്ചുകയറി സ്ത്രീകളെയും കുട്ടികളെയും അടക്കം അതിക്രൂരമായി മര്‍ദിക്കുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തത് ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സി.പി.എമ്മിന്റെ ഫാഷിസ്റ്റ് മുഖമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സമാധാനാന്തരീക്ഷത്തില്‍ യോഗം ചേരുകയും നാടിന്റെ വികസനത്തിന് പുത്തന്‍ നയരേഖ പ്രഖ്യാപിക്കുകയും ചെയ്ത മനുഷ്യസ്‌നേഹികളെ കൈയൂക്കുകൊണ്ട് നേരിട്ടത് ജനാധിപത്യസമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ്. രാഷ്ട്രീയാതീതമായ ജനകീയ കൂട്ടായ്മക്ക് മുന്നില്‍ തങ്ങളുടെ അധികാരം നഷ്ടപ്പെടുമെന്ന തിരിച്ചറിവില്‍ വിറളിയെടുത്തവരുടെ പേക്കൂത്താണ് കക്കോടിയില്‍ ആവര്‍ത്തിച്ചത്. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനാധിപത്യപരമായ അവകാശങ്ങളെയും ജനാധിപത്യവിരുദ്ധ പ്രത്യയശാസ്ത്ര പശ്ചാത്തലമുള്ള ഒരു പാര്‍ട്ടി അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്. വര്‍ഗരാഷ്ട്രീയക്കാരുടെ പാര്‍ട്ടിവര്‍ഗീയതയില്‍നിന്നുയരുന്ന ഇത്തരം ജനാധിപത്യവിരുദ്ധ പ്രവണതകളെ ചെറുത്തുതോല്‍പിക്കാന്‍ കേരളീയ സമൂഹത്തിന് ബാധ്യതയുണ്ടെന്നും ഐ.വൈ.എ അഭിപ്രായപ്പെട്ടു.

ഭോപാല്‍ കോടതി വിധി: ഇരകള്‍ക്കെതിരായ ശിക്ഷാവിധി: ഐ.വൈ.എ.

ദോഹ: കാല്‍ നൂററാണ്ട് മുമ്പ് നടന്ന ഭോപാല്‍ വിഷ വാതക ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്കെതിരെയുള്ള ഭോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേററ് കോടതിയുടെ വിധി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും മാനസികമായി ഇരകള്‍ക്കും മൊത്തം പൗരസമൂഹത്തിനുമെതിരായ ശിക്ഷാവിധിയാണിതെന്നും ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ (ഐ.വൈ.എ.) പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഇരുപത്തിയാറു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷവും ഇരകള്‍ക്ക് ലഭിച്ചത് കടുത്ത അവഗണനയും നീതി നിഷേധവും മാത്രമാണ്. വിഷവാതകമേററ് ഇഞ്ചിഞ്ചായി നീറി മരിച്ച 15,000ല്‍ അധികം വരുന്ന പാവപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മാന്യമായ നഷ്ടപരിഹാരമോ തുടര്‍ ചികിത്സയോ ഉറപ്പുവരുത്താതെ ഒഴിഞ്ഞു മാറിയ ഭരണകൂടം ഇപ്പോള്‍ ഈ വിധിയിലൂടെ അവര്‍ക്ക് നീതിയും നിഷേധിച്ചിരിക്കുകയാണ്. അനിവാര്യമായ സുരക്ഷാ സംവിധാനങ്ങള്‍ പോലുമൊരുക്കാതെയുള്ള യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ പ്രവര്‍ത്തനം, ഒരു ജനതയോട് കമ്പനിയും ഭരണകൂടവും പുലര്‍ത്തിയ തീര്‍ത്തും നിരുത്തരവാദപരമായ സമീപനം വ്യക്തമാക്കുന്നതാണ്. കെട്ടി എഴുന്നള്ളിക്കപ്പെടുന്ന വികസന ഭ്രാന്തിന്റെ ചെലവില്‍ ഇന്ത്യയുടെ വിഭവങ്ങളെയും ജനതയെയും ഞെക്കിപ്പിഴിഞ്ഞ് വന്‍ലാഭം കൊയ്യുകയും ഒടുവില്‍ മുച്ചൂടും നാശം വിതച്ച് കടന്ന് കളയുകയും ചെയ്യുന്ന ആഗോള കുത്തകകള്‍ക്കെതിരെ നടപടിയെടുക്കാനാവാത്തവിധം ഇന്ത്യന്‍ ഭരണ- നീതിന്യായ വ്യവസ്ഥകള്‍ ദുര്‍ബലമായിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ ജനതയുടെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ നിയമ നിര്‍മാണത്തിന് ഭരണകൂടം തയ്യാറാവണമെന്നും ഈ സാഹചര്യത്തില്‍ അമേരിക്കയുമായുള്ള ആണവ ബാധ്യതാ ബില്ലില്‍ ഒപ്പിടാനുള്ള സര്‍ക്കാറിന്റെ നീക്കം ഉപേക്ഷിക്കണമെന്നും ഐ.വൈ.എ. ആവശ്യപ്പെട്ടു.

കരിയര്‍ വര്‍ക്‌ഷോപ്പ്


ദോഹ: ഐ.വൈ.എ. കെയര്‍ (കരിയര്‍ അസിസ്‌ററന്‍സ് ആന്റ് റോഡ് ടു എക്‌സലന്‍സ്) തൊഴിലന്വേഷകര്‍ക്കായി സംഘടിപ്പിക്കുന്ന കരിയര്‍ വര്‍ക്‌ഷോപ്പിന്റെ ആദ്യ സെഷന്‍ ദോഹ ജദീദിലെ ഐ.വൈ.എ. ഹാളില്‍ നടന്നു. ഐ.വൈ.എ. ജനസേവന വിഭാഗം കണ്‍വീനര്‍ നാസര്‍ ആലുവ പരിപാടി ഉദ്ഘാടനം ചെയ്തു. 'ഇന്റര്‍വ്യൂ എങ്ങനെ അഭിമുഖീകരിക്കാം', 'വ്യക്തിത്വ വികസനം' തുടങ്ങിയിയ വിഷയങ്ങളില്‍ യഥാക്രമം സലീല്‍ ഇബ്രാഹീം, ഹിഷാം കെ.എം. എന്നിവര്‍ ക്ലാസെടുത്തു.

അധസ്ഥിത വിഭാഗത്തിന്റെ സംരക്ഷണം മതത്തിന്റെ ലക്ഷ്യം : ഖാലിദ് മൂസ നദ്‌വി


ദോഹ: പട്ടിണി കിടക്കുന്നവന്റെ വിശപ്പകററാത്തവന്‍ മതനിഷേധിയാണെന്ന് പ്രഖ്യാപിച്ച വിശ്വാസ സമൂഹത്തിന്റെ അനുയായികള്‍ സാമൂഹ്യ നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി സംസാരിക്കുന്നത്, മതത്തിന്റെ ഇടതുപക്ഷ വല്‍കരണമല്ല മറിച്ച് യഥാര്‍ത്ഥ ദൈവിക മതത്തിലേക്കുള്ള തിരിച്ചു പോക്കാണെന്നും അധസ്ഥിത വിഭാഗത്തിന്റെ മോചനം മതത്തിന്റെ ലക്ഷ്യമാണെന്നും പ്രമുഖ പണ്ഡിതനും കുല്ലിയത്തുല്‍ ഖുര്‍ആന്‍ പ്രിന്‍സിപ്പാളുമായ ഖാലിദ് മൂസ നദ്‌വി പ്രസ്താവിച്ചു. മതം, മനുഷ്യാവകാശം, സാമൂഹ്യനീതി എന്ന ശീര്‍ഷകത്തില്‍ ഐ.വൈ.എ. സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പണ്ട് സവര്‍ണര്‍ക്കായിരുന്നു പൊതുനിരത്ത് ഉപയോഗിക്കാനുള്ള അവകാശമെങ്കില്‍ ഇന്നത് ധനാഢ്യര്‍ക്ക് മാത്രമാണ്. ഇത്തരം മനുഷ്യാവകാശ ലംഘനത്തിനെതിരെ പോരാടുകയെന്നത് യഥാര്‍ത്ഥ മത വക്താക്കളുടെ ബാധ്യതയാണ്. അടിച്ചമര്‍ത്തപ്പെട്ടവന്റെയും ദുര്‍ബലന്റെയും അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദൈവിക ആഹ്വാനത്തിന്റെ ഭാഗമായാണ് പ്ലാച്ചിമടയടക്കമുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങളിലെ ഇടപെടലുകള്‍. ഇത് മതത്തെ വലിച്ചു നീട്ടലോ അടവുനയമോ അല്ല. മറിച്ച് യഥാര്‍ത്ഥ മതബോധത്തില്‍ നിന്നുമുണ്ടാവുന്ന സ്വാഭാവിക ഇടപെടലുകളാണ്.

സാമൂഹ്യ നീതിക്ക് വേണ്ടി നിലകൊള്ളുന്നതും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നതും ഇടതുപക്ഷ വല്‍കരണമായി പരിമിതപ്പെടുത്തുന്നത് തെററാണ്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആഗതരായ പ്രവാചകര്‍ പൗരോഹിത്യത്തിനും, അധികാര ദുര്‍വിനിയോഗത്തിനും, സ്വേഛാധിപത്യത്തിനും, അടിച്ചമര്‍ത്തലുകാര്‍ക്കും, ചൂഷകര്‍ക്കുമെതിരെ പോരാടുകയും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കുവേണ്ടി സംസാരിക്കുകയും ചെയ്തതുകൊണ്ടു കൂടിയാണ് മേലാളന്‍മാരുടെയും അധികാരി വര്‍ഗത്തിന്റെയും ശത്രുത സമ്പാദിച്ചത്. ഈ ആശയം തന്നെയാണ് വിശുദ്ധ ഖുര്‍ആനും പ്രഖ്യാപിക്കുന്നത്. അതിനാല്‍ അന്യന്റെ ആമാശയപ്രശ്‌നം തങ്ങളുടെ ആത്മീയപ്രശ്‌നമായി മാറണമെന്നും, പാവങ്ങള്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് മതബാധ്യതയാണെന്നും, ഇതിലൂടെ മാത്രമേ ചൂഷണ വിമുക്തമായ നവലോകം കെട്ടിപ്പടുക്കാനാവുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് നടന്ന ചോദ്യോത്തര സെഷനില്‍ സദസില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. തുടര്‍ന്ന് സദസിനെ അഭിസംബോധന ചെയ്ത്‌കൊണ്ട് സോമന്‍ പൂക്കാട് സംസാരിച്ചു. പരിപാടിയില്‍ ഐ.വൈ.എ. ആക്ടിംഗ് പ്രസിഡണ്ട് കെ. മുഹമ്മദ് ശബീര്‍ അദ്ധ്യക്ഷത വഹിച്ചു. അശ്‌റഫ് ഉളിയില്‍ സ്വാഗതവും അബ്ദുല്ല പി. നന്ദിയും പറഞ്ഞു. മുജീബ് റഹ്മാന്‍ ഖിറാഅത്ത് നടത്തി.

വനിതാ സംവരണ ബില്‍ സ്വാഗതാര്‍ഹം, ആശങ്കകള്‍ അകററണം: ഐ.വൈ.എ. സെമിനാര്‍


ദോഹ: ഇന്ത്യന്‍ സ്ത്രീകളുടെ അവകാശ സംരക്ഷണ പോരാട്ടത്തില്‍ നിര്‍ണായകവും പ്രാധാന്യമര്‍ഹിക്കുന്നതുമായ വനിതാ സംവരണ ബില്‍ സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ആശങ്കകള്‍ അകററി പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഉപസംവരണം ഏര്‍പ്പെടുത്തണമെന്നും ഐ.വൈ.എ. സെമിനാര്‍ ആവശ്യപ്പെട്ടു. 'സ്്രതീസംവരണം, സാമൂഹ്യനീതി, ഇന്ത്യന്‍ രാഷ്ട്രീയം' എന്ന തലക്കെട്ടില്‍ ഐ.വൈ.എ ഹാളില്‍ നടന്ന സെമിനാറില്‍ ദോഹയിലെ പ്രമുഖ സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ഐ.വൈ.എ. പി.ആര്‍ സെക്രട്ടറി അശ്‌റഫ് ഉളിയില്‍ വിഷയാവതരണം നിര്‍വഹിച്ചു.

ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹ്യമായി പിന്തള്ളപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ സ്ത്രീ സംവരണത്തെ പിന്തുണക്കപ്പെടേണ്ടതാണ്. എന്നാല്‍, സ്വതവേ മുഖ്യധാരയില്‍ നിന്ന് അകററി നിര്‍ത്തപ്പെട്ട പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ ഈ സംവരണത്തിലൂടെ വീണ്ടും ഒതുക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഈ വിഭാഗങ്ങള്‍ക്ക് ഉപസംവരണം വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് അഭികാമ്യമെന്നും വിഷയാവതരണത്തില്‍ ചൂണ്ടിക്കാട്ടി. പിന്തള്ളപ്പെട്ടുപോയ 53% വരുന്ന വിഭാഗത്തെ മുഖ്യധാരയിലെത്തിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും സംവരണത്തിലൂടെ ത്രിതല പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായത് മികച്ച ഉദാഹരണമാണെന്നും ഇന്‍കാസ് പ്രസിഡണ്ട് കെ.ക. ഉസ്മാന്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളെ തെഞ്ഞെടുപ്പ് പ്രക്രിയയിലെ കേവല പങ്കാളിത്തത്തില്‍ ഒതുക്കാതെ അധികാര പങ്കാളിത്തം കൂടി ഒരു ജനാധിപത്യ സമൂഹം ഉറപ്പാക്കേണ്ടതുണ്ടെന്ന് സംസ്‌കൃതി പ്രതിനിധി എംടി. മുഹമ്മദലി പറഞ്ഞു. സ്ത്രീ പങ്കാളിത്തം സമൂഹത്തിന്റെ സംസ്‌ക്കാര സമ്പന്നതയുടെ അടയാളമാണ്. സംവരണത്തെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ അതിന് പിന്നിലെ അജണ്ടകള്‍ ആശങ്കപ്പെടുത്തുന്നത് നമ്മുടെ ചരിത്രബോധം കൊണ്ടാണെന്ന് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ കൂടിയാലോചന സമിതിയംഗം താജ് ആലുവ പറഞ്ഞു. കേവല അധികാര പങ്കാളിത്തത്തിലൂടെ സ്ത്രീകള്‍ സമുദ്ധരിക്കപ്പെടും എന്ന ലിബറല്‍ ഫെമിനിസ്‌ററ് കാഴ്ചപ്പാടിനോട് യോജിക്കാനാവില്ല. സ്ത്രീകളില്‍ ശക്തമായ രാഷ്ട്രീയ ബോധം വളര്‍ത്തിയെടുത്തില്ലെങ്കില്‍ സംവരണം പുരുഷന്‍മാരുടെ പിന്‍സീററ് ഡ്രൈവിംഗിലൂടെ അട്ടിമറിക്കപ്പെടാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവരണം സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാനല്ല ഒരു സമൂഹത്തിന് സാമൂഹ്യ നീതിയും സുരക്ഷയും ഉറപ്പാക്കാനണെന്ന് കെ.എം.സി.സി. പ്രതിനിധി കോയ കൊണ്ടോട്ടി പറഞ്ഞു. സ്ത്രീ സംവരണത്തിലൂടെ നമ്മുടെ ജനാധിപത്യം പുഷ്പിക്കുകയാണെന്നും സംവരണ കാര്യത്തില്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെച്ചൊല്ലിയുള്ള മലയാളികളുടെ ആശങ്ക അസ്ഥാനത്താണെന്നും ഇന്ത്യന്‍ മീഡിയാ ഫോറം പ്രതിനിധി പ്രദീപ് മേനോന്‍ അഭിപ്രായപ്പെട്ടു.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കി സംവരണത്തിലെ ആശങ്കകള്‍ നീക്കണമെന്ന് ഐ.എം.സി.സി. പ്രസിഡണ്ട് എം. ഉസ്മാന്‍ പറഞ്ഞു. സംവരണങ്ങളേക്കാളുപരി മറേണ്ടത് സ്ത്രീയോടുള്ള പുരുഷന്റെ കാഴ്ചപ്പാടാണെന്നും മുതലാളിത്ത, ലിംഗാധിപത്യ കാഴ്ചപ്പാടുകള്‍ക്ക് മുകളിലുള്ള പരിഷ്‌കരണം തൊലിപ്പുറത്തുള്ള ചികിത്സയേ ആകൂ എന്നും ഐ.വൈ.എ. വൈസ് പ്രസിഡണ്ട് കെ. മുഹമ്മദ് ശബീര്‍ അഭിപ്രായപ്പെട്ടു. ഐ.വൈ.എ. പ്രസിഡണ്ട് സമീര്‍ കാളികാവ് അദ്ധ്യക്ഷത വഹിച്ചു. ഐ.വൈ.എ. സാംസ്‌കാരിക വേദി കണ്‍വീനര്‍ അന്‍വര്‍ ബാബു സി.പി. സ്വാഗതവും ജനറല്‍ സെക്രട്ടറി അഹ്മദ് ശാഫി നന്ദിയും പറഞ്ഞു.

Monday, July 26, 2010

ലേബര്‍ ക്യാമ്പില്‍ തീപിടുത്തം: കനത്ത നാശനഷ്ടം

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് നമ്പര്‍ 36ല്‍ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ 14 മുറികളും ഗോഡൗണും പൂര്‍ണമായി കത്തിനശിച്ചു. മലയാളികളടക്കം ഇരുനൂറിലധികം തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പാണ് അഗ്‌നിക്കിരയായത്. ദുരന്തത്തില്‍ ആറ് മലയാളികളടക്കം 132 തൊഴിലാളികളുടെ വസ്ത്രങ്ങളും മറ്റ് സാധനസാമഗ്രികളും പൂര്‍ണമായും ചാരമായി. സിംപ്ലക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുടേതാണ് ക്യാമ്പ്.
ഇന്നലെ രാവിലെ 7.45ഓടെയാണ് സംഭവം. തൊഴിലാളികള്‍ മിക്കവരും ജോലിക്ക് പോയ്ക്കഴിഞ്ഞിരുന്നു. രാത്രിജോലി കഴിഞ്ഞെത്തിയ ചില തൊഴിലാളികള്‍ ഉറങ്ങാനുള്ള ഒരുക്കത്തിലുമായിരുന്നു. കാറ്റുണ്ടായിരുന്നതിനാല്‍ വേഗത്തില്‍ തീ ആളിപ്പടര്‍ന്നതോടെ ഒന്നും പുറത്തേക്ക് മാറ്റാന്‍ കഴിഞ്ഞില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. പൂട്ടിയിട്ട മുറികളില്‍ സൂക്ഷിച്ചിരുന്ന പണവും വസ്ത്രങ്ങളും മറ്റ് സാധനങ്ങളുമെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ കത്തിനശിച്ചു. ഒരു തൊഴിലാളിയുടെ മൂന്നുമാസത്തെ ശമ്പളവും നാട്ടില്‍ കൊണ്ടുപേകാനായി വാങ്ങി സൂക്ഷിച്ചിരുന്ന മൂവായിരത്തോളം റിയാലിന്റെ സാധനങ്ങളും അഗ്‌നിക്കിരയായവയില്‍പ്പെടുന്നു. ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് ക്യാമ്പില്‍ കൂടുതല്‍. ഇവര്‍ക്ക് പുറമെ നേപ്പാളികളുമുണ്ട്. ഉടന്‍ സ്ഥലത്തെിത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗവും പോലിസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ഒന്നരമണിക്കൂര്‍ കൊണ്ടാണ് തീയണച്ചത്.
ക്യാമ്പിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു കമ്പനിയുടെ വര്‍ക്‌ഷോപ്പും കത്തിനശിച്ചിട്ടുണ്ട്. ക്യാമ്പിലെ താമസക്കാരായ തൃശൂര്‍ ചാലിശ്ശേരി സ്വദേശകളായ നാസര്‍, സൈനുദ്ദീന്‍, വാടാനപ്പള്ളി സ്വദേശി നൗഷാദ്, കുന്നുംകുളം സ്വദേശി റഫീഖ്, എറണാകുളം കാഞ്ഞിരമറ്റം സ്വദേശി നജീബ്, തിരൂര്‍ കാരത്തൂര്‍ സ്വദേശി അബ്ദുല്‍ഖാദര്‍ എന്നിവര്‍ക്കെല്ലാം ദുരന്തത്തില്‍ കാര്യമായ നാശനഷ്ടം സംഭവിച്ചു. സ്ട്രീറ്റ് നമ്പര്‍ രണ്ടിലും ഒരു ഗോഡൗണ്‍ ഇന്നലെ കത്തിനശിച്ചിട്ടുണ്ട്.
ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ പ്രതിനിധികള്‍ വൈകിട്ട് ദുരിതബാധിതരെ സന്ദര്‍ശിച്ചു. തൊഴിലാളികള്‍ക്ക് ഇന്ന് വസ്ത്രങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Saturday, July 24, 2010

എസ്.ഐ.ഒ. നേതാക്കള്‍ക്ക് സ്വീകരണം നല്‍കി


സമ്പൂര്‍ണ വിദ്യാര്‍ഥി പ്രസ്ഥാനമെന്ന നിലയില്‍ കേരളത്തിലെ മുഴുവന്‍ കാമ്പസുകളിലും ശ്രദ്ധേയമായ സാന്നിധ്യമാവാന്‍ സ്‌ററുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന് സാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡണ്ട് പി.എം സ്വാലിഹ് പറഞ്ഞു. ഹ്രസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ എസ്.ഐ.ഒ. നേതാക്കള്‍ക്ക് ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അരാഷ്ട്രീയ വല്‍കരിക്കപ്പെട്ട വിദ്യാര്‍ഥി സമൂഹത്തിന് ഗൗരവ ചിന്തയും ധാര്‍മ്മിക ബോധവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പര്യ സംരക്ഷകര്‍ മാത്രമായി മുഖ്യധാരാ വിദ്യാര്‍ഥി സംഘടനകള്‍ മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥി സമൂഹത്തിന്റെ സര്‍ഗാത്മകത തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് എസ്.ഐ.ഒ കാമ്പസുകളില്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നയ രൂപീകരണത്തില്‍ ശ്രദ്ധേയമായ നിര്‍ദേശങ്ങള്‍ സമര്‍ക്ഷിക്കാനും എസ്.ഐ.ഒ.വിന് സാധിച്ചിട്ടുണ്ടെന്ന് ഉദാഹരണ സഹിതം അദ്ദേഹം വിശദീകരിച്ചു. ദേശീയ തലത്തില്‍ എസ്.ഐ.ഒ.വിന് ഏറെ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്നതായി കേന്ദ്രസമിതിയംഗം ശഹീന്‍. കെ. മൊയ്തുണ്ണി പറഞ്ഞു. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കുവേണ്ടി എസ്.ഐ.ഒ. നടത്തിക്കൊണ്ടിരിക്കുന്ന വിവിധ വിദ്യാഭ്യാസ സേവനപ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സമിതിയംഗം എ.ടി. ശറഫുദ്ദീന്‍ വിശദീകരിച്ചു.

ഡിസംബറില്‍ എറണാകുളത്ത് നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥമാണ് നേതാക്കള്‍ ദോഹയിലെത്തിയത്. പരിപാടിയില്‍ ഐ.വൈ.എ. പ്രസിഡണ്ട് സമീര്‍ കാളികാവ് അദ്ധ്യക്ഷത വഹിച്ചു. പി.ആര്‍. സെക്രട്ടറി അശ്‌റഫ് ഉളിയില്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി അഹ്മദ് ശാഫി നന്ദിയും പറഞ്ഞു.

ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ ഖത്തര്‍ - ഭാരവാഹികള്‍


ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ ഖത്തര്‍ (ഐ.വൈ.എ) 2010/11 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികള്‍.
സമീര്‍ കാളികാവ് (പ്രസിഡണ്ട്), കെ. മുഹമ്മദ് ശബീര്‍ (വൈസ് പ്രസിഡണ്ട്), അഹ്മദ് ശാഫി എ.എം (ജനറല്‍ സെക്രട്ടറി), അബ്ദുല്ല പി. (സെക്രട്ടറി), അശ്‌റഫ് ഉളിയില്‍ (പബ്ലിക് റിലേഷന്‍ സെക്രട്ടറി), അബ്ദുല്‍ ഗഫൂര്‍ എ.ആര്‍. (ട്രഷറര്‍).

മേഖലാ പ്രസിഡണ്ടുമാര്‍: ഇന്‍തിസാര്‍ നഈം (ഐന്‍ ഖാലിദ്), ഫാജിസ് ടി.കെ. (ദോഹ), അബ്ദുശുകൂര്‍ എ.എം. (ഹിലാല്‍), അബ്ദുല്‍ വാഹിദ് (റയ്യാന്‍), സാജിദ് റഹ്മാന്‍ എം.എ. (അല്‍ ഖോര്‍).

അബദുന്നാസര്‍ കെ.കെ. (സാമൂഹ്യ സേവനം), അന്‍വര്‍ ബാബു സി.പി. (സാംസ്‌കാരികം), ഫിറോസ് എസ്.എ. എന്നിവരാണ് മററു കൂടിയാലോചനാ സമിതിയംഗങ്ങള്‍.

അംഗങ്ങളുടെ യോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡണ്ട് വി.ടി. അബ്ദുല്ലക്കോയ നിയന്ത്രിച്ചു. യൂസുഫ് പുലാപ്പറ്റ ഖിറാഅത്ത് നടത്തി.

Saturday, July 03, 2010

ലേബര്‍ ക്യാമ്പ് ദുരന്തം: തൊഴിലാളികള്‍ക്ക് ആശ്വാസമായി സഹായമെത്തി


ദോഹ: കാത്തുവെച്ചതെല്ലാം പൊടുന്നനെ തീനാളങ്ങള്‍ നക്കിത്തുടച്ചതോടെ ഭക്ഷണവും വസ്ത്രവുമില്ലാതെ ദുരിതത്തിലായ പ്രവാസി തൊഴിലാളികള്‍ക്ക് ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍െറയും (ഐ.വൈ.എ) ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍െറയും (ഐ.ഐ.എ) പ്രവര്‍ത്തകര്‍ സഹായങ്ങളുമായി രംഗത്തെത്തിയത് ആശ്വാസമായി.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ശഹാനിയയില്‍ അല്‍ സീല്‍ കമ്പനിയുടെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട മലയാളികളടക്കമുള്ള നൂറുകണക്കിന് തൊഴിലാളികള്‍ക്കാണ് ഐ.വൈ.എയുടെയും ഐ.ഐ.എയുടെയും നേതൃത്വത്തില്‍ ഇന്നലെ വസ്ത്രക്കിറ്റുകള്‍ വിതരണം ചെയ്തത്. 16 തൊഴിലാളികള്‍ വീതം താമസിക്കുന്ന 60ഓളം പോട്ടാക്യാബിനുകളാണ് അഗ്‌നിക്കിരയായത്. തൊഴിലാളികളെല്ലാം ജോലിക്ക് പോയിരുന്നതിനാല്‍ എല്ലാവര്‍ക്കും ഉടുതുണിയൊഴികെയെല്ലാം നഷ്ടപ്പെട്ടു.
വസ്ത്രങ്ങള്‍ക്ക് പുറമെ പണവും സ്വര്‍ണവും സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ടുകളും വിലപിടിച്ച മറ്റുവസ്തുക്കളുമെല്ലാം കത്തിനശിച്ചവയില്‍പ്പെടുന്നു. 80ഓളം മലയാളികളടക്കം അഞ്ഞൂറോളം പേരാണ് ഇതോടെ ദുരിതബാധിതരായത്. ഇവരില്‍ 160ഓളം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. സംഭവത്തിന് ഏതാനും ദിവസം മുമ്പ് മാത്രമാണ് ഇവിടുത്തെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിരുന്നത്. അതിനാല്‍ താമസസ്ഥലങ്ങളില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടവരും ഏറെയാണ്.
ഐ.വൈ.എയുടെയും ഐ.ഐ.എയുടെയും പ്രതിനിധികളടങ്ങിയ പത്തംഗസംഘം ഇന്നലെ സ്ഥലത്തെത്തി 300ഓളം പേര്‍ക്ക് എമര്‍ജന്‍സി കിറ്റുകള്‍ വിതരണം ചെയ്തു.
ടീഷര്‍ട്ട്, ലുങ്കി, സോപ്പ്, ബ്രഷ് തുടങ്ങിയ സാധനങ്ങളടങ്ങിയതാണ് കിറ്റ്. ഇവര്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങള്‍ ഇന്ന് വിതരണം ചെയ്യുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. അസോസിയേഷന് കീഴിലുള്ള ഡ്രസ് ബാങ്കിന് കീഴില്‍ വസ്ത്രശേഖരണവും ആരംഭിച്ചിട്ടുണ്ട്. ഇവ നാളെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ 5991577, 4439319 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.