Tuesday, July 27, 2010

ഭോപാല്‍ കോടതി വിധി: ഇരകള്‍ക്കെതിരായ ശിക്ഷാവിധി: ഐ.വൈ.എ.

ദോഹ: കാല്‍ നൂററാണ്ട് മുമ്പ് നടന്ന ഭോപാല്‍ വിഷ വാതക ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്കെതിരെയുള്ള ഭോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേററ് കോടതിയുടെ വിധി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും മാനസികമായി ഇരകള്‍ക്കും മൊത്തം പൗരസമൂഹത്തിനുമെതിരായ ശിക്ഷാവിധിയാണിതെന്നും ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ (ഐ.വൈ.എ.) പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഇരുപത്തിയാറു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷവും ഇരകള്‍ക്ക് ലഭിച്ചത് കടുത്ത അവഗണനയും നീതി നിഷേധവും മാത്രമാണ്. വിഷവാതകമേററ് ഇഞ്ചിഞ്ചായി നീറി മരിച്ച 15,000ല്‍ അധികം വരുന്ന പാവപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മാന്യമായ നഷ്ടപരിഹാരമോ തുടര്‍ ചികിത്സയോ ഉറപ്പുവരുത്താതെ ഒഴിഞ്ഞു മാറിയ ഭരണകൂടം ഇപ്പോള്‍ ഈ വിധിയിലൂടെ അവര്‍ക്ക് നീതിയും നിഷേധിച്ചിരിക്കുകയാണ്. അനിവാര്യമായ സുരക്ഷാ സംവിധാനങ്ങള്‍ പോലുമൊരുക്കാതെയുള്ള യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ പ്രവര്‍ത്തനം, ഒരു ജനതയോട് കമ്പനിയും ഭരണകൂടവും പുലര്‍ത്തിയ തീര്‍ത്തും നിരുത്തരവാദപരമായ സമീപനം വ്യക്തമാക്കുന്നതാണ്. കെട്ടി എഴുന്നള്ളിക്കപ്പെടുന്ന വികസന ഭ്രാന്തിന്റെ ചെലവില്‍ ഇന്ത്യയുടെ വിഭവങ്ങളെയും ജനതയെയും ഞെക്കിപ്പിഴിഞ്ഞ് വന്‍ലാഭം കൊയ്യുകയും ഒടുവില്‍ മുച്ചൂടും നാശം വിതച്ച് കടന്ന് കളയുകയും ചെയ്യുന്ന ആഗോള കുത്തകകള്‍ക്കെതിരെ നടപടിയെടുക്കാനാവാത്തവിധം ഇന്ത്യന്‍ ഭരണ- നീതിന്യായ വ്യവസ്ഥകള്‍ ദുര്‍ബലമായിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ ജനതയുടെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ നിയമ നിര്‍മാണത്തിന് ഭരണകൂടം തയ്യാറാവണമെന്നും ഈ സാഹചര്യത്തില്‍ അമേരിക്കയുമായുള്ള ആണവ ബാധ്യതാ ബില്ലില്‍ ഒപ്പിടാനുള്ള സര്‍ക്കാറിന്റെ നീക്കം ഉപേക്ഷിക്കണമെന്നും ഐ.വൈ.എ. ആവശ്യപ്പെട്ടു.

No comments:

Post a Comment