Saturday, July 24, 2010

എസ്.ഐ.ഒ. നേതാക്കള്‍ക്ക് സ്വീകരണം നല്‍കി


സമ്പൂര്‍ണ വിദ്യാര്‍ഥി പ്രസ്ഥാനമെന്ന നിലയില്‍ കേരളത്തിലെ മുഴുവന്‍ കാമ്പസുകളിലും ശ്രദ്ധേയമായ സാന്നിധ്യമാവാന്‍ സ്‌ററുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന് സാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡണ്ട് പി.എം സ്വാലിഹ് പറഞ്ഞു. ഹ്രസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ എസ്.ഐ.ഒ. നേതാക്കള്‍ക്ക് ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അരാഷ്ട്രീയ വല്‍കരിക്കപ്പെട്ട വിദ്യാര്‍ഥി സമൂഹത്തിന് ഗൗരവ ചിന്തയും ധാര്‍മ്മിക ബോധവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പര്യ സംരക്ഷകര്‍ മാത്രമായി മുഖ്യധാരാ വിദ്യാര്‍ഥി സംഘടനകള്‍ മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥി സമൂഹത്തിന്റെ സര്‍ഗാത്മകത തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് എസ്.ഐ.ഒ കാമ്പസുകളില്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നയ രൂപീകരണത്തില്‍ ശ്രദ്ധേയമായ നിര്‍ദേശങ്ങള്‍ സമര്‍ക്ഷിക്കാനും എസ്.ഐ.ഒ.വിന് സാധിച്ചിട്ടുണ്ടെന്ന് ഉദാഹരണ സഹിതം അദ്ദേഹം വിശദീകരിച്ചു. ദേശീയ തലത്തില്‍ എസ്.ഐ.ഒ.വിന് ഏറെ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്നതായി കേന്ദ്രസമിതിയംഗം ശഹീന്‍. കെ. മൊയ്തുണ്ണി പറഞ്ഞു. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കുവേണ്ടി എസ്.ഐ.ഒ. നടത്തിക്കൊണ്ടിരിക്കുന്ന വിവിധ വിദ്യാഭ്യാസ സേവനപ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സമിതിയംഗം എ.ടി. ശറഫുദ്ദീന്‍ വിശദീകരിച്ചു.

ഡിസംബറില്‍ എറണാകുളത്ത് നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥമാണ് നേതാക്കള്‍ ദോഹയിലെത്തിയത്. പരിപാടിയില്‍ ഐ.വൈ.എ. പ്രസിഡണ്ട് സമീര്‍ കാളികാവ് അദ്ധ്യക്ഷത വഹിച്ചു. പി.ആര്‍. സെക്രട്ടറി അശ്‌റഫ് ഉളിയില്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി അഹ്മദ് ശാഫി നന്ദിയും പറഞ്ഞു.

No comments:

Post a Comment