Tuesday, July 27, 2010

വനിതാ സംവരണ ബില്‍ സ്വാഗതാര്‍ഹം, ആശങ്കകള്‍ അകററണം: ഐ.വൈ.എ. സെമിനാര്‍


ദോഹ: ഇന്ത്യന്‍ സ്ത്രീകളുടെ അവകാശ സംരക്ഷണ പോരാട്ടത്തില്‍ നിര്‍ണായകവും പ്രാധാന്യമര്‍ഹിക്കുന്നതുമായ വനിതാ സംവരണ ബില്‍ സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ആശങ്കകള്‍ അകററി പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഉപസംവരണം ഏര്‍പ്പെടുത്തണമെന്നും ഐ.വൈ.എ. സെമിനാര്‍ ആവശ്യപ്പെട്ടു. 'സ്്രതീസംവരണം, സാമൂഹ്യനീതി, ഇന്ത്യന്‍ രാഷ്ട്രീയം' എന്ന തലക്കെട്ടില്‍ ഐ.വൈ.എ ഹാളില്‍ നടന്ന സെമിനാറില്‍ ദോഹയിലെ പ്രമുഖ സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ഐ.വൈ.എ. പി.ആര്‍ സെക്രട്ടറി അശ്‌റഫ് ഉളിയില്‍ വിഷയാവതരണം നിര്‍വഹിച്ചു.

ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹ്യമായി പിന്തള്ളപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ സ്ത്രീ സംവരണത്തെ പിന്തുണക്കപ്പെടേണ്ടതാണ്. എന്നാല്‍, സ്വതവേ മുഖ്യധാരയില്‍ നിന്ന് അകററി നിര്‍ത്തപ്പെട്ട പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ ഈ സംവരണത്തിലൂടെ വീണ്ടും ഒതുക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഈ വിഭാഗങ്ങള്‍ക്ക് ഉപസംവരണം വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് അഭികാമ്യമെന്നും വിഷയാവതരണത്തില്‍ ചൂണ്ടിക്കാട്ടി. പിന്തള്ളപ്പെട്ടുപോയ 53% വരുന്ന വിഭാഗത്തെ മുഖ്യധാരയിലെത്തിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും സംവരണത്തിലൂടെ ത്രിതല പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായത് മികച്ച ഉദാഹരണമാണെന്നും ഇന്‍കാസ് പ്രസിഡണ്ട് കെ.ക. ഉസ്മാന്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളെ തെഞ്ഞെടുപ്പ് പ്രക്രിയയിലെ കേവല പങ്കാളിത്തത്തില്‍ ഒതുക്കാതെ അധികാര പങ്കാളിത്തം കൂടി ഒരു ജനാധിപത്യ സമൂഹം ഉറപ്പാക്കേണ്ടതുണ്ടെന്ന് സംസ്‌കൃതി പ്രതിനിധി എംടി. മുഹമ്മദലി പറഞ്ഞു. സ്ത്രീ പങ്കാളിത്തം സമൂഹത്തിന്റെ സംസ്‌ക്കാര സമ്പന്നതയുടെ അടയാളമാണ്. സംവരണത്തെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ അതിന് പിന്നിലെ അജണ്ടകള്‍ ആശങ്കപ്പെടുത്തുന്നത് നമ്മുടെ ചരിത്രബോധം കൊണ്ടാണെന്ന് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ കൂടിയാലോചന സമിതിയംഗം താജ് ആലുവ പറഞ്ഞു. കേവല അധികാര പങ്കാളിത്തത്തിലൂടെ സ്ത്രീകള്‍ സമുദ്ധരിക്കപ്പെടും എന്ന ലിബറല്‍ ഫെമിനിസ്‌ററ് കാഴ്ചപ്പാടിനോട് യോജിക്കാനാവില്ല. സ്ത്രീകളില്‍ ശക്തമായ രാഷ്ട്രീയ ബോധം വളര്‍ത്തിയെടുത്തില്ലെങ്കില്‍ സംവരണം പുരുഷന്‍മാരുടെ പിന്‍സീററ് ഡ്രൈവിംഗിലൂടെ അട്ടിമറിക്കപ്പെടാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവരണം സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാനല്ല ഒരു സമൂഹത്തിന് സാമൂഹ്യ നീതിയും സുരക്ഷയും ഉറപ്പാക്കാനണെന്ന് കെ.എം.സി.സി. പ്രതിനിധി കോയ കൊണ്ടോട്ടി പറഞ്ഞു. സ്ത്രീ സംവരണത്തിലൂടെ നമ്മുടെ ജനാധിപത്യം പുഷ്പിക്കുകയാണെന്നും സംവരണ കാര്യത്തില്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെച്ചൊല്ലിയുള്ള മലയാളികളുടെ ആശങ്ക അസ്ഥാനത്താണെന്നും ഇന്ത്യന്‍ മീഡിയാ ഫോറം പ്രതിനിധി പ്രദീപ് മേനോന്‍ അഭിപ്രായപ്പെട്ടു.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കി സംവരണത്തിലെ ആശങ്കകള്‍ നീക്കണമെന്ന് ഐ.എം.സി.സി. പ്രസിഡണ്ട് എം. ഉസ്മാന്‍ പറഞ്ഞു. സംവരണങ്ങളേക്കാളുപരി മറേണ്ടത് സ്ത്രീയോടുള്ള പുരുഷന്റെ കാഴ്ചപ്പാടാണെന്നും മുതലാളിത്ത, ലിംഗാധിപത്യ കാഴ്ചപ്പാടുകള്‍ക്ക് മുകളിലുള്ള പരിഷ്‌കരണം തൊലിപ്പുറത്തുള്ള ചികിത്സയേ ആകൂ എന്നും ഐ.വൈ.എ. വൈസ് പ്രസിഡണ്ട് കെ. മുഹമ്മദ് ശബീര്‍ അഭിപ്രായപ്പെട്ടു. ഐ.വൈ.എ. പ്രസിഡണ്ട് സമീര്‍ കാളികാവ് അദ്ധ്യക്ഷത വഹിച്ചു. ഐ.വൈ.എ. സാംസ്‌കാരിക വേദി കണ്‍വീനര്‍ അന്‍വര്‍ ബാബു സി.പി. സ്വാഗതവും ജനറല്‍ സെക്രട്ടറി അഹ്മദ് ശാഫി നന്ദിയും പറഞ്ഞു.

No comments:

Post a Comment