Monday, July 26, 2010

ലേബര്‍ ക്യാമ്പില്‍ തീപിടുത്തം: കനത്ത നാശനഷ്ടം

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് നമ്പര്‍ 36ല്‍ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ 14 മുറികളും ഗോഡൗണും പൂര്‍ണമായി കത്തിനശിച്ചു. മലയാളികളടക്കം ഇരുനൂറിലധികം തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പാണ് അഗ്‌നിക്കിരയായത്. ദുരന്തത്തില്‍ ആറ് മലയാളികളടക്കം 132 തൊഴിലാളികളുടെ വസ്ത്രങ്ങളും മറ്റ് സാധനസാമഗ്രികളും പൂര്‍ണമായും ചാരമായി. സിംപ്ലക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുടേതാണ് ക്യാമ്പ്.
ഇന്നലെ രാവിലെ 7.45ഓടെയാണ് സംഭവം. തൊഴിലാളികള്‍ മിക്കവരും ജോലിക്ക് പോയ്ക്കഴിഞ്ഞിരുന്നു. രാത്രിജോലി കഴിഞ്ഞെത്തിയ ചില തൊഴിലാളികള്‍ ഉറങ്ങാനുള്ള ഒരുക്കത്തിലുമായിരുന്നു. കാറ്റുണ്ടായിരുന്നതിനാല്‍ വേഗത്തില്‍ തീ ആളിപ്പടര്‍ന്നതോടെ ഒന്നും പുറത്തേക്ക് മാറ്റാന്‍ കഴിഞ്ഞില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. പൂട്ടിയിട്ട മുറികളില്‍ സൂക്ഷിച്ചിരുന്ന പണവും വസ്ത്രങ്ങളും മറ്റ് സാധനങ്ങളുമെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ കത്തിനശിച്ചു. ഒരു തൊഴിലാളിയുടെ മൂന്നുമാസത്തെ ശമ്പളവും നാട്ടില്‍ കൊണ്ടുപേകാനായി വാങ്ങി സൂക്ഷിച്ചിരുന്ന മൂവായിരത്തോളം റിയാലിന്റെ സാധനങ്ങളും അഗ്‌നിക്കിരയായവയില്‍പ്പെടുന്നു. ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് ക്യാമ്പില്‍ കൂടുതല്‍. ഇവര്‍ക്ക് പുറമെ നേപ്പാളികളുമുണ്ട്. ഉടന്‍ സ്ഥലത്തെിത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗവും പോലിസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ഒന്നരമണിക്കൂര്‍ കൊണ്ടാണ് തീയണച്ചത്.
ക്യാമ്പിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു കമ്പനിയുടെ വര്‍ക്‌ഷോപ്പും കത്തിനശിച്ചിട്ടുണ്ട്. ക്യാമ്പിലെ താമസക്കാരായ തൃശൂര്‍ ചാലിശ്ശേരി സ്വദേശകളായ നാസര്‍, സൈനുദ്ദീന്‍, വാടാനപ്പള്ളി സ്വദേശി നൗഷാദ്, കുന്നുംകുളം സ്വദേശി റഫീഖ്, എറണാകുളം കാഞ്ഞിരമറ്റം സ്വദേശി നജീബ്, തിരൂര്‍ കാരത്തൂര്‍ സ്വദേശി അബ്ദുല്‍ഖാദര്‍ എന്നിവര്‍ക്കെല്ലാം ദുരന്തത്തില്‍ കാര്യമായ നാശനഷ്ടം സംഭവിച്ചു. സ്ട്രീറ്റ് നമ്പര്‍ രണ്ടിലും ഒരു ഗോഡൗണ്‍ ഇന്നലെ കത്തിനശിച്ചിട്ടുണ്ട്.
ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ പ്രതിനിധികള്‍ വൈകിട്ട് ദുരിതബാധിതരെ സന്ദര്‍ശിച്ചു. തൊഴിലാളികള്‍ക്ക് ഇന്ന് വസ്ത്രങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

No comments:

Post a Comment