
ദോഹ: ഖത്തറിലെ ശഹാനിയക്കടുത്ത് നിര്‍മ്മാണ തൊഴിലാളികള്‍ തിങ്ങിതാമസിക്കുന്ന ക്യാമ്പില്‍ അഗ്‌നി ബാധയെത്തുടര്‍ന്ന് സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷനും യുവജന വിഭാഗമായ ഇസ്‌ലാമിക് യൂത്ത് അസോസിയേഷനും (ഐ.വൈ.എ) നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി.
മരം കൊണ്ട് നിര്‍മ്മിച്ച 45 ലധികം പോര്‍ട്ടബിള്‍ കാബിനുകളാണ് തൊഴിലാളികള്‍ ജോലിക്ക് പോയ സമയത്ത് അഗ്‌നിക്കിരയായത്. ദുരന്ത വാര്‍ത്തയറിഞ്ഞ് ജോലി സ്ഥലത്ത് നിന്നും ഓടിയെത്തിയവര്‍ക്ക് വിലപ്പെട്ട സമ്പാദ്യമെല്ലാം എരിഞ്ഞടങ്ങുന്നത് നിസ്സഹായരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 500 ഓളം പേര്‍ക്ക് ദുരന്തം മൂലം ഉടുതുണി ഒഴികെ മറ്റെല്ലാം നഷ്ടമായി. ദുരിതബാധിതരില്‍ 70 മലയാളികളുള്‍പ്പെടെ 160ഓളം പേര്‍ ഇന്ത്യക്കാരാണ്.
ദുരന്തവാര്‍ത്തയറിഞ്ഞ് ഐ.വൈ.എ., അസോസിയേഷന്‍ പ്രതിനിധികള്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും അടിയന്തിര സഹായമായി അവശ്യ വസ്തുക്കളടങ്ങിയ 375 കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ദിവസങ്ങളില്‍ 400 കിലോ അരി, 100 ലിറ്റര്‍ പാചക എണ്ണ, 600 കിലോ ഇതര ഭക്ഷ്യവിഭവങ്ങള്‍ എന്നിവയും എത്തിച്ചുകൊടുത്തു.
ഐ.വൈ.എ. ഡ്രസ് ബാങ്കിന് കീഴില്‍ ശേഖരിച്ച 1400 ഓളം വസ്ത്രങ്ങള്‍ ഒരു പാന്റ്‌സും രണ്ട് ഷര്‍ട്ടുകളും ഉള്‍ക്കൊള്ളുന്ന 450 ലധികം കിറ്റുകളിലാക്കി വിതരണം നടത്തി. വിവിധ രാജ്യക്കാരായ ദുരിതബാധിതര്‍ക്കിടയില്‍ സഹായ വസ്തുക്കളുടെ നീതിപൂര്‍വമായ വിതരണം സാധ്യമാക്കിയത് ക്യാമ്പിലെ മലയാളി സഹോദരന്‍മാരുടെ പ്രശംസനീയമായ സഹകരണം കൊണ്ടായിരുന്നു.
ദുരന്തഭൂമിയില്‍ ഓടിയെത്തിയ ആദ്യത്തെ സന്നദ്ധസംഘം ഐ.വൈ.എ. ആയിരുന്നു. തുടര്‍ന്നു ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഐ.സി.ബി.എഫും വിവിധ സഹായങ്ങളുമായി രംഗത്ത് വന്നു. കത്തിനശിച്ച പാസ്‌പോര്‍ട്ടുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും പകരം പുതിയവ ലഭ്യമാക്കാന്‍ വേണ്ട സഹായം ഐ.സി.ബി.എഫ് വാഗദാനം ചെയ്തു. ദുരന്ത സ്ഥലത്ത് സഹായങ്ങളുമായി ആദ്യം മുതല്‍ രംഗത്തുണ്ടായിരുന്ന പ്രസ്ഥാന പ്രവര്‍ത്തകരെ ഐ.സി.ബി.എഫ്. പ്രസിഡണ്ട് നീലാങ്ങ്ഷൂ ഡേ പ്രസംശംസിക്കുകയും ദുരിതാശ്വാസ വസ്തുക്കളുടെ വിതരണത്തിന് സഹകരണം തേടുകയും ചെയ്തു.
സ്ഥിരമായി ഉപയോഗിച്ചുവന്ന ആസ്ത്മ രോഗത്തിനുള്ള മരുന്ന് കത്തിനശിച്ചതിനെത്തുടര്‍ന്ന് ഏറെ പ്രയാസത്തിലായ രോഗിക്ക് രണ്ട് ദിവസത്തിനകം നാട്ടില്‍നിന്ന് മരുന്നെത്തിച്ച് നല്‍കാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ആരും സഹായിക്കാനില്ലാതിരുന്ന അവസരത്തില്‍ തങ്ങള്‍ക്ക് സഹായമെത്തിച്ച സോളിഡാരിറ്റിക്കാരോട് നന്ദി പറയാന്‍ ദുരിതബാധിതര്‍ക്ക് വാക്കുകളില്ലായിരുന്നു. ബിജുവും, സുരേഷും രാജേഷുമെല്ലാം നിറഞ്ഞ മനസ്സോടെയാണ് പ്രവര്‍ത്തകരോട് നന്ദി പറഞ്ഞത്. ഭാവിയില്‍ ഏത് സേവന പ്രവര്‍ത്തനങ്ങളിലും കൂടെയുണ്ടാകുമെന്ന് ആവേശപൂര്‍വ്വം അവര്‍ ഉറപ്പു നര്‍കി. സൗഹൃദം നിലനിര്‍ത്തണമെന്ന ആവശ്യത്തോടൊപ്പം മനവും മിഴിയും പ്രാര്‍ത്ഥനകളോടും കൂടിയാണ് അവര്‍ പ്രവര്‍ത്തകരെ യാത്രയാക്കിയത്.