
ദോഹ: കാത്തുവെച്ചതെല്ലാം പൊടുന്നനെ തീനാളങ്ങള്‍ നക്കിത്തുടച്ചതോടെ ഭക്ഷണവും വസ്ത്രവുമില്ലാതെ ദുരിതത്തിലായ പ്രവാസി തൊഴിലാളികള്‍ക്ക് ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍െറയും (ഐ.വൈ.എ) ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍െറയും (ഐ.ഐ.എ) പ്രവര്‍ത്തകര്‍ സഹായങ്ങളുമായി രംഗത്തെത്തിയത് ആശ്വാസമായി.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ശഹാനിയയില്‍ അല്‍ സീല്‍ കമ്പനിയുടെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട മലയാളികളടക്കമുള്ള നൂറുകണക്കിന് തൊഴിലാളികള്‍ക്കാണ് ഐ.വൈ.എയുടെയും ഐ.ഐ.എയുടെയും നേതൃത്വത്തില്‍ ഇന്നലെ വസ്ത്രക്കിറ്റുകള്‍ വിതരണം ചെയ്തത്. 16 തൊഴിലാളികള്‍ വീതം താമസിക്കുന്ന 60ഓളം പോട്ടാക്യാബിനുകളാണ് അഗ്‌നിക്കിരയായത്. തൊഴിലാളികളെല്ലാം ജോലിക്ക് പോയിരുന്നതിനാല്‍ എല്ലാവര്‍ക്കും ഉടുതുണിയൊഴികെയെല്ലാം നഷ്ടപ്പെട്ടു.
വസ്ത്രങ്ങള്‍ക്ക് പുറമെ പണവും സ്വര്‍ണവും സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ടുകളും വിലപിടിച്ച മറ്റുവസ്തുക്കളുമെല്ലാം കത്തിനശിച്ചവയില്‍പ്പെടുന്നു. 80ഓളം മലയാളികളടക്കം അഞ്ഞൂറോളം പേരാണ് ഇതോടെ ദുരിതബാധിതരായത്. ഇവരില്‍ 160ഓളം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. സംഭവത്തിന് ഏതാനും ദിവസം മുമ്പ് മാത്രമാണ് ഇവിടുത്തെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിരുന്നത്. അതിനാല്‍ താമസസ്ഥലങ്ങളില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടവരും ഏറെയാണ്.
ഐ.വൈ.എയുടെയും ഐ.ഐ.എയുടെയും പ്രതിനിധികളടങ്ങിയ പത്തംഗസംഘം ഇന്നലെ സ്ഥലത്തെത്തി 300ഓളം പേര്‍ക്ക് എമര്‍ജന്‍സി കിറ്റുകള്‍ വിതരണം ചെയ്തു.
ടീഷര്‍ട്ട്, ലുങ്കി, സോപ്പ്, ബ്രഷ് തുടങ്ങിയ സാധനങ്ങളടങ്ങിയതാണ് കിറ്റ്. ഇവര്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങള്‍ ഇന്ന് വിതരണം ചെയ്യുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. അസോസിയേഷന് കീഴിലുള്ള ഡ്രസ് ബാങ്കിന് കീഴില്‍ വസ്ത്രശേഖരണവും ആരംഭിച്ചിട്ടുണ്ട്. ഇവ നാളെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ 5991577, 4439319 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
കണ്ണു നനയിക്കുന്ന ഇത്തരം കര്‍മ്മങ്ങള്‍ മറ്റുള്ളവര്ക്ക് പ്രചോദനമാകട്ടെ..തുടരുക..വിജയം ഇരു ലോകത്തും ഉണ്ടാവട്ടെ..
ReplyDelete