
ദോഹ: പട്ടിണി കിടക്കുന്നവന്റെ വിശപ്പകററാത്തവന്‍ മതനിഷേധിയാണെന്ന് പ്രഖ്യാപിച്ച വിശ്വാസ സമൂഹത്തിന്റെ അനുയായികള്‍ സാമൂഹ്യ നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി സംസാരിക്കുന്നത്, മതത്തിന്റെ ഇടതുപക്ഷ വല്‍കരണമല്ല മറിച്ച് യഥാര്‍ത്ഥ ദൈവിക മതത്തിലേക്കുള്ള തിരിച്ചു പോക്കാണെന്നും അധസ്ഥിത വിഭാഗത്തിന്റെ മോചനം മതത്തിന്റെ ലക്ഷ്യമാണെന്നും പ്രമുഖ പണ്ഡിതനും കുല്ലിയത്തുല്‍ ഖുര്‍ആന്‍ പ്രിന്‍സിപ്പാളുമായ ഖാലിദ് മൂസ നദ്‌വി പ്രസ്താവിച്ചു. മതം, മനുഷ്യാവകാശം, സാമൂഹ്യനീതി എന്ന ശീര്‍ഷകത്തില്‍ ഐ.വൈ.എ. സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പണ്ട് സവര്‍ണര്‍ക്കായിരുന്നു പൊതുനിരത്ത് ഉപയോഗിക്കാനുള്ള അവകാശമെങ്കില്‍ ഇന്നത് ധനാഢ്യര്‍ക്ക് മാത്രമാണ്. ഇത്തരം മനുഷ്യാവകാശ ലംഘനത്തിനെതിരെ പോരാടുകയെന്നത് യഥാര്‍ത്ഥ മത വക്താക്കളുടെ ബാധ്യതയാണ്. അടിച്ചമര്‍ത്തപ്പെട്ടവന്റെയും ദുര്‍ബലന്റെയും അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദൈവിക ആഹ്വാനത്തിന്റെ ഭാഗമായാണ് പ്ലാച്ചിമടയടക്കമുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങളിലെ ഇടപെടലുകള്‍. ഇത് മതത്തെ വലിച്ചു നീട്ടലോ അടവുനയമോ അല്ല. മറിച്ച് യഥാര്‍ത്ഥ മതബോധത്തില്‍ നിന്നുമുണ്ടാവുന്ന സ്വാഭാവിക ഇടപെടലുകളാണ്.
സാമൂഹ്യ നീതിക്ക് വേണ്ടി നിലകൊള്ളുന്നതും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നതും ഇടതുപക്ഷ വല്‍കരണമായി പരിമിതപ്പെടുത്തുന്നത് തെററാണ്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആഗതരായ പ്രവാചകര്‍ പൗരോഹിത്യത്തിനും, അധികാര ദുര്‍വിനിയോഗത്തിനും, സ്വേഛാധിപത്യത്തിനും, അടിച്ചമര്‍ത്തലുകാര്‍ക്കും, ചൂഷകര്‍ക്കുമെതിരെ പോരാടുകയും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കുവേണ്ടി സംസാരിക്കുകയും ചെയ്തതുകൊണ്ടു കൂടിയാണ് മേലാളന്‍മാരുടെയും അധികാരി വര്‍ഗത്തിന്റെയും ശത്രുത സമ്പാദിച്ചത്. ഈ ആശയം തന്നെയാണ് വിശുദ്ധ ഖുര്‍ആനും പ്രഖ്യാപിക്കുന്നത്. അതിനാല്‍ അന്യന്റെ ആമാശയപ്രശ്‌നം തങ്ങളുടെ ആത്മീയപ്രശ്‌നമായി മാറണമെന്നും, പാവങ്ങള്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് മതബാധ്യതയാണെന്നും, ഇതിലൂടെ മാത്രമേ ചൂഷണ വിമുക്തമായ നവലോകം കെട്ടിപ്പടുക്കാനാവുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
തുടര്‍ന്ന് നടന്ന ചോദ്യോത്തര സെഷനില്‍ സദസില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. തുടര്‍ന്ന് സദസിനെ അഭിസംബോധന ചെയ്ത്‌കൊണ്ട് സോമന്‍ പൂക്കാട് സംസാരിച്ചു. പരിപാടിയില്‍ ഐ.വൈ.എ. ആക്ടിംഗ് പ്രസിഡണ്ട് കെ. മുഹമ്മദ് ശബീര്‍ അദ്ധ്യക്ഷത വഹിച്ചു. അശ്‌റഫ് ഉളിയില്‍ സ്വാഗതവും അബ്ദുല്ല പി. നന്ദിയും പറഞ്ഞു. മുജീബ് റഹ്മാന്‍ ഖിറാഅത്ത് നടത്തി.
No comments:
Post a Comment